
34-ാമത് കുസാറ്റ് ഫിഡെറേറ്റഡ് ചെസ്സ് ടൂർണ്ണമെന്റ് ചാമ്പ്യൻ ഇ യു അഹാസിന് സമ്മാനം നൽകുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച 34-ാമത് കുസാറ്റ് ഫിഡെ റേറ്റിംഗ് അഖിലേന്ത്യാ ചെസ്സ് ടൂർണ്ണമെന്റ് സമാപിച്ചു. കേരളത്തിൻ്റെ ഇ യു ആഹാസ് (7.5 പോയിൻ്റ്) ചാമ്പ്യനായി. സഫൽ ഫാസിൽ, എം കെ പത്മേഷ് എന്നിവർ ഏഴ് പോയിൻ്റുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കുസാറ്റ് റജിസ്ട്രാർ ഡോ. എ യു അരുൺ സമ്മാനങ്ങൾ നൽകി. വിവിധ വിഭാഗങ്ങളിലായി 80 ട്രോഫികൾ നൽകി.
കുസാറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടത്തുന്ന ടൂർണ്ണമെൻ്റ് പ്രായഭേദമന്യെ പൊതുജനങ്ങൾക്കായി ഒരു സർവകലാശാല സംഘടിപ്പിക്കുന്ന കായിക ഇനമാണ്. സ്ലോവാക്യൻ ഗ്രാന്റ് മാസ്റ്റർ മാനിക് മികുലാസ് ഉൾപ്പെടെ 580പേർ മത്സരിച്ചു. ഇതിൽ 268 ഫിഡേ റേറ്റഡ് കളിക്കാരുണ്ട്. മഹാരാഷ്ട്രയുടെ അഞ്ച് വയസുകാരനായ സോഹൻഷായാണ് പ്രായം കുറഞ്ഞ കളിക്കാരൻ. മുതിർന്ന താരം 82 കാരനായ കെ വി ആൽഫ്രഡ് ആണ്. പങ്കെടുത്തവരിൽ 83 വനിതകളും ഏഴ് വയസിൽ താഴെയുള്ള 111 പേരുമുണ്ട്. ഇൻ്റർനാഷണൽ ആർബിറ്റർ എം എഫ്രേം ചീഫ് ആർബിറ്ററായി.
കുസാറ്റ് ഫിനാൻസ് ഓഫീസർ പി ജി ഗിരീഷ് കുമാർ, സ്റ്റേറ്റ് ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻ്റ് ഷിഹാബ് നീറുങ്കൽ, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സി സജീവ് കുമാർ,കോസ്റ്റ് ഗാർഡ് റിട്ട. ഇൻസ്പെക്ടർ ജനറൽ ദേവാനന്ദ്, എറണാകുളം ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് പി എ അമീർ, ഡോ.എം വി ജൂഡി, ആൻസൻ ആൻ്റണി എന്നിവർ സംസാരിച്ചു.










